കണ്ണൂർ: കളക്ടറേറ്റില്‍ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന റവന്യൂ വകുപ്പിന്റെ ആഘോഷ പരിപാടികള്‍ ജില്ലാ കളക്ടര്‍ പി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. തിരക്കുപിടിച്ച ഡിജിറ്റല്‍ കാലത്ത് ഓണം പോലെയുള്ള ആഘോഷങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദേഹം പറഞ്ഞു.
ആളുകള്‍ക്ക് ഒന്നിച്ചിരിക്കാനും ഭക്ഷണവും സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം പരസ്പരം പങ്കുവയ്ക്കാനും ലഭിക്കുന്ന അവസരങ്ങളാണ് ഇത്തരം ആഘോഷങ്ങള്‍. ഓണം മുന്നോട്ടുവയ്ക്കുന്ന സാഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശങ്ങള്‍ നിത്യജീവിതത്തിലേക്ക് വ്യാപിപ്പിക്കുമ്പോഴാണ് ഇത്തരം ആഘോഷങ്ങള്‍ സാര്‍ഥകമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് കളക്ടര്‍ എസ്. സ്വാതി, എഡിഎം പി.എന്‍. പുരുഷോത്തമന്, ഹുസൂര്‍ ശിരസ്തദാര്‍ കെ.കെ. രാജേഷ് ഖന്ന, ഡപ്യൂട്ടി കളക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി ജീവനക്കാരുടെ വിവിധ കലാപരിപാടികളും കമ്പവലി, ഉറിയടി, കസേരക്കളി തുടങ്ങിയ ഓണക്കളികളും അരങ്ങേറി.